ആന്തരദഹനയന്ത്രത്തിന്റെ (Internal Combustion Engine) സിലിണ്ടറിനകത്ത് ഇന്ധനം (fuel) നിറയ്ക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് അന്തഃക്ഷേപിണി. ബോയിലറിനകത്തേക്ക് വെളളം പമ്പു ചെയ്യാനുപയോഗിക്കുന്ന ഒരുതരം ഉപകരണത്തിനും അന്തഃക്ഷേപിണി എന്നു പറയും.
ഡീസൽ എഞ്ചിനുകളിൽ ശരിയായ ഇന്ധന ദഹനത്തിന് ഇന്ധനം കണീകൃതാവസ്ഥ(atomized form)യിൽ ദഹന-അറ (combustion chamber)യിൽ പ്രവേശിക്കണം. അന്തഃക്ഷേപിണിയിലെ സിലിണ്ടറിനുള്ളിൽ പ്രവർത്തിക്കുന്ന ഒരു പ്ലഞ്ചർ. സിലിണ്ടറിൽ പ്രവേശിക്കുന്ന ഇന്ധനത്തെ പ്ലഞ്ചർ കണീകരണനോസിലി(atomizing nozzle)ൽ കൂടി ദഹന അറയിലേക്കു തള്ളുന്നു. ദഹന-അറയിലുള്ള സമ്മർദിതവായുവിലേക്ക് ദ്രവ-ഇന്ധനം ബലമായി പ്രവേശിക്കുമ്പോൾ ഇന്ധനം കണീകൃതമായിത്തീരുന്നു. പ്ലഞ്ചറിനു പകരം ചിലപ്പോൾ സമ്മർദിതവായുവും ഉപയോഗിക്കാറുണ്ട്.
ബോയിലറിലേക്ക് വെള്ളം പമ്പുചെയ്യാൻ ഉപയോഗിക്കുന്ന അന്തഃക്ഷേപിണി അതിവേഗതയിലുള്ള നീരാവിധാര(steam jet)യിലെ ഗതികോർജം (Kinetic energy) ഉപയോഗപ്പെടുത്തിയാണ് പ്രവർത്തിക്കുന്നത്. ഒരു അഭിസാരിനോസിലി(converging nozzle)ൽ കൂടി കടന്നു വികസിക്കുമ്പോൾ നീരാവിയുടെ വേഗം പെട്ടെന്നു വർധിക്കുന്നു. ഈ നീരാവി മിശ്രണ കോണി(mixing cone)ൽ വച്ച് തണുത്ത ജലവുമായി ചേരുമ്പോൾ തണുക്കുകയും അതിലെ സംവേഗം (momentum) വെള്ളത്തിലേക്ക് പകരുകയും ചെയ്യുന്നു. അവിടെനിന്നും അതിവേഗത്തിൽ വെള്ളവും നീരാവിയും ഒരു അഭിസാരി-അപസാരിനോസിലി(convergent-divergent nozzle)ൽ കൂടി കടന്നുപോകുമ്പോൾ അതിലെ ഗതികോർജം മർദ-ഊർജ്ജം (pressure energy) ആയി പരിണമിക്കുകയും അങ്ങനെ വെള്ളം പമ്പു ചെയ്യപ്പെടുകയും ചെയ്യുന്നു.
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അന്തഃക്ഷേപിണി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |